കേരള ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷന്റെ (കെ.ടി.ഡി.സി ) പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്‌സൈറ്റുകൾ നിർമ്മിച്ച് തട്ടിപ്പുകൾ നടത്തുന്നതായി കേരള പോലീസിൻ്റെ ജാഗ്രതാ നിർദ്ദേശം.
ഗൂഗിളിൽ "കെ.ടി.ഡി.സി സ്റ്റേ ", "കെ.ടി.ഡി.സി ഹോട്ടൽസ് ", "കെ.ടി.ഡി.സി ബുക്കിംഗ് ", "കെ.ടി.ഡി.സി റിസോർട്ട് " തുടങ്ങിയ കീവേഡുകൾ തിരയുന്ന ഉപയോക്താക്കളെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ വ്യാജമായി നിർമ്മിക്കപ്പെടുന്ന വെബ്സൈറ്റുകൾക്ക്, കെ.ടി.ഡി.സി -യുടെ ഔദ്യോഗിക വെബ്‌സൈറ്റുമായി അതീവ സാമ്യമുണ്ടായിരിക്കും. അതിനാൽ പൊതുജനങ്ങൾക്ക് ഇത് വ്യാജമാണെന്ന് തിരിച്ചറിയാൻ പ്രയാസമായിരിക്കും.
റൂം ബുക്കിംഗ് പൂർത്തിയാക്കാൻ പേയ്‌മെന്റ് പേജിൽ നൽകുന്ന മൊബൈൽ നമ്പർ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നമ്പർ, എക്‌സ്പയറി ഡേറ്റ്, സി.വി.വി എന്നിവയ്ക്ക് പുറമേ, തുടർന്ന് ലഭിക്കുന്ന ഒ.ടി.പി കൂടി രേഖപ്പെടുത്തുന്നതോടെ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിന്നോ കാർഡിൽ നിന്നോ വലിയ തുക അനധികൃതമായി പിൻവലിക്കപ്പെടുകയും തട്ടിപ്പ് മറയ്ക്കാൻ വ്യാജ ബുക്കിംഗ് രസീതുകൾ പ്രദർശിപ്പിക്കുകയും ചെയ്യും.
ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോൾ ആദ്യം കാണുന്ന സൈറ്റുകളോ "സ്പോൺസേഡ് /ആഡ്" എന്ന അടയാളത്തോടെ കാണുന്ന ലിങ്കുകളോ ഔദ്യോഗികമാകണമെന്നില്ല, അതിനാൽ ബുക്കിംഗിനായി പണം നൽകുന്നതിന് മുൻപ് വെബ്‌സൈറ്റിന്റെ യു.ആർ.എൽ സൂക്ഷ്മമായി പരിശോധിച്ച് അക്ഷരവ്യത്യാസങ്ങളോ സംശയങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
ബാങ്കിംഗ് രഹസ്യവിവരങ്ങളോ യു.പി.ഐ പിന്നോ സംശയാസ്പദമായ സൈറ്റുകളിൽ കൈമാറരുത്. കെ.ടി.ഡി.സി-യുടെ ഔദ്യോഗിക വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ അംഗീകൃത പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി മാത്രം ബുക്കിംഗ് നടത്തുക. വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളുടെ ആധികാരികതയും ഉറപ്പുവരുത്തുക.
ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന സൈബർ ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി നൽകേണ്ടതാണ്.









